Saturday, April 12, 2008

ഒരു വിഷു ഗാനം....(കനകലിപിയാല്‍.........)

"കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
-എന്‍ എന്‍ കക്കാട്, സഫലമീയാത്ര.

വിഷുപ്പാട്ടുണ്ടാക്കുവാനുള്ള, ബഹുവ്രീഹിയുടേയും എന്‍റ്റെയും, ഒരു എളിയശ്രമം.......
ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി

എല്ലാവര്‍ക്കും വിഷുആശംസകള്‍!!!!!
==============================================
കനകലിപിയാല്‍ പ്രകൃതിയെഴുതും
പ്രണയഗീതം പോലേ
മേടമാസനിലാവില്‍ പൂത്തൂ
കര്‍ണ്ണികാരങ്ങള്‍-നറും
സ്വര്‍ണ്ണഹാരങ്ങള്‍.........

ഇളവെയിലിന്‍ കതിരുകളാല്‍
അരിയവാനം കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി
കണികണ്ടുണരുകയായ്.....
കതിര്‍... കണികണ്ടുണരുകയായ്

ഇളപകരും കനിവുകളാല്‍
പ്രിയജനനി കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും
കണികണ്ടുണരുകയായ്
ആ.... കണികണ്ടുണരുകയായ്

Thursday, March 13, 2008

ശാരദേന്ദുവിന്‍

ഒരു പുതിയ ഗാനം.

ഉറക്കുപാട്ട്, ഉറക്കെപ്പാടി ബുലോഗരെ ഉറക്കാതിരിക്കാമെന്നൊരു ഉറപ്പും കിട്ടിയിരുന്നു........

-ബൈജു
=================================================
ശാരദേന്ദുവിന്‍ കംബളത്തിലീ
ഭൂമി ചായുറങ്ങീടവേ
രാരിരാരോ പാടിടാം ഞാന്‍
‍താമരേ നീയുറങ്ങിടൂ
എന്നോമലേ നീയുറങ്ങിടൂ

കൂരിരുള്‍ക്കടല്‍ നീന്തിയക്കരെ
ഓമലേ നീയെത്തിടും
ഹേമകാന്തി ചൊരിഞ്ഞു നില്‍ക്കും
തമ്പുരാനെക്കണ്ടിടും
സ്നേഹ ധാരയാല്‍ ഭൂമിദേവിയെ-
പ്പോറ്റിടുന്നൊരാ ദേവനെന്‍
‍പൊന്നുതാമരപ്പൂങ്കിടാവിനും
നല്ലൊരു വരമേകിടും

പൂവിറുത്തു കൊതി തീര്‍ന്ന തെന്നല്‍
‍പൂമണം കവരുന്നിതാ
ദൂരെ ദൂരെ മലര്‍വാടിയില്‍
നറു പാരിജാതം വിടര്‍ന്നിതാ
പൂവുതോല്‍ക്കുമഴകേ.............
തേനുലാവുംകനിയേ...........
പൂമിഴികള്‍ പൂട്ടി..................
ചായുറങ്ങു നിധിയേ.............

Sunday, March 9, 2008

ഭൂപാളരാഗമുയര്‍ന്നൂ...

ബൈജുമാഷ് ലളിതഗാനങ്ങള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഭൂപാളരാഗമുയര്‍ന്നു എന്ന പാട്ട്...


ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി










 
copyright rests with Dr.N.S.Panicker (panickerns@gmail.com)